കടുത്തുരുത്തി: വീണ്ടും ലോകശ്രദ്ധയില്‍ കടുത്തുരുത്തി സിവിഎന്‍ (ഇപിവി) കളരി. യൂറോപ്പിലെ സ്ലോവേനിയയിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് സ്ലോവേനിയയിലെ കായ എന്ന യോഗ വിദ്യാലയം നടത്തിയ സെമിനാറുകളില്‍ കളരിയിലെ ഇപ്പോഴത്തെ ഗുരുക്കള്‍ ഡോ. ഷാജി വാസുദേവന്‍ ഗുരുക്കളും മകന് സൂര്യദേവ കിരണും പങ്കെടുത്തു.
കളരിപ്പയറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു പ്രബന്ധം അവതരിപ്പിച്ചു. സ്ലോവേനിയന്‍ പൗരന്മാരുമായി ചേര്‍ന്ന് കളരിപ്പയറ്റ്, യോഗ പ്രദര്‍ശനവും നടത്തി. ഓണ്‍ലൈനായി സ്ലോവേനിയയിലെ പൗരന്മാര്ക്ക് കളരിയിലൂടെ ക്ലാസ് നടത്തിയിരുന്നു. സെമിനാറുകളില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരന്ഗ് വിവിധ സെക്ഷനുകളില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തില്‍ കളരിപ്പയറ്റിന്റെ ചിത്രം ആലേഖനം ചെയ്തുവച്ച് അംബാസിഡര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. ഓഗസ്റ്റ് നാല് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ ഡോ. ഷാജി വാസുദേവന്‍ ഗുരുക്കളും, മകന് സൂര്യദേവ കിരണും ചേര്‍ന്ന് സ്ലോവേനിയ, ഇറ്റലി (മിലാന്), സൂറിച്ച് (സ്വിറ്റ്സർലന്‍ഡ്) എന്നിവിടങ്ങളില്‍ സെമിനാര്‍ അവതരിപ്പിച്ചു. 1959-ല്‍ സ്ഥാപിച്ച കടുത്തുരുത്തി സിവിഎന്‍ കളരിയിലെ വിദ്യാര്‍ഥികളും ഗുരുക്കളും പല തവണ യൂറോപ്പില്‍ പോയി പ്രദര്‍ശനങ്ങള്‍ നടത്തി കളരിയെ വിദേശത്തു പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ കടുത്തുരുത്തി സിവിഎന്‍ കളരി കായാ അസോസിയേഷനുമായി ചേര്‍ന്ന് നേരിട്ട് തന്നെ സ്ലോവേനിയയില്‍ ഒരു കളരി വിദ്യാലയം തുടങ്ങുന്നതിനുള്ള ശ്രമവും ആരംഭിച്ചു. ബിബിസി ലോകത്തുള്ള ഒമ്പത് ആയോധന കലകളില്‍ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുത്തത് കളരിപ്പയറ്റിനെയായിരുന്നു. ഇതില്‍ കളരിപ്പയറ്റ് മേഖലയില്‍നിന്ന് കേരളത്തിലെ കടുത്തുരുത്തി കളരിയെ തെരഞ്ഞെടുത്തു. 1983-ല്‍ കളരിപ്പയറ്റ് ഷൂട്ട് ചെയ്യാനായി ബിബിസി സംഘം 10 ദിവസം കടുത്തുരുത്തിയില്‍ തങ്ങിയിരുന്നു. ഇതിലൂടെയാണ് കടുത്തുരുത്തിയും സിവിഎന്‍ കളരിയും ലോക ആയോധനാ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്.